This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൂ, റോബര്‍ട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൂ, റോബര്‍ട്ട്

Crew, Robert (1858 - 1945)

ബ്രിട്ടീഷ് ഭരണതന്ത്രജ്ഞന്‍. കവിയും സാഹിത്യകാരനുമായിരുന്ന റിച്ചാര്‍ഡ് മോക്ടര്‍ മില്‍സിന്റെ മകനായി 1858-ല്‍ ഇംഗ്ലണ്ടില്‍ ജനിച്ചു. എഡിന്‍ബറോ, ഹാരോ ട്രിനിറ്റി കോളജ്, കേംബ്രിജ് സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. പിതാവിനു നല്കിയിരുന്ന പ്രഭുസ്ഥാനം 1885-ല്‍ ഇദ്ദേഹത്തിനു ലഭിച്ചു.

1886-ല്‍ ഗ്ലാസ്റ്റണ്‍ പ്രധാനമന്ത്രിയായതോടെ റോബര്‍ട്ട് ക്രൂ ഔദ്യോഗികരംഗത്തു പ്രവേശിച്ചു. 1892-95-ല്‍ അധികാരത്തില്‍വന്ന ലിബറല്‍ ഗവണ്‍മെന്റിന്റെ കീഴില്‍ ഇദ്ദേഹം അയര്‍ലണ്ടിന്റെ ലെഫ്റ്റനന്റ് ഗവര്‍ണറായി. മോര്‍ലി പ്രഭുവായിരുന്നു ഇക്കാലത്ത് റോബര്‍ട്ട് ക്രൂവിന്റെ പ്രധാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. 'ഏള്‍' (1895), 'മാര്‍ക്യൂസ്' (1911) എന്നീ പദവികള്‍ ഇദ്ദേഹത്തിന് നല്കിയിരുന്നു. 1905-ല്‍ കൗണ്‍സില്‍ പ്രസിഡന്റായിത്തീര്‍ന്ന ഇദ്ദേഹം 1908-ല്‍ കോളനികളുടെ ഭരണച്ചുമതല വഹിക്കുന്ന സെക്രട്ടറിയായി. തുടര്‍ന്ന് ഇന്ത്യന്‍ഭരണച്ചുമതല വഹിക്കുന്ന സെക്രട്ടറി(1910)യായ ഇദ്ദേഹം പലപ്പോഴും ഇംഗ്ലണ്ടിന്റെ വിദേശനയരൂപീകരണത്തെ സ്വാധീനിച്ചിരുന്നു. 1916-ല്‍ വിദ്യാഭ്യാസബോര്‍ഡിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കവേ ലോയ്ഡ് ജോര്‍ജിന്റെ കീഴില്‍ നിലവില്‍വന്ന സംയുക്ത മന്ത്രിസഭയില്‍ ചേരാന്‍ വിസമ്മതിക്കുകയും പ്രതിപക്ഷനേതാവാകുകയും ചെയ്തു. ഒന്നാം ലോകയുദ്ധാനന്തരം 1922-ല്‍ പാരിസില്‍ ഇംഗ്ലണ്ടിന്റെ പ്രതിനിധിയായും 1931-ല്‍ യുദ്ധാനന്തരച്ചുമതല വഹിക്കുന്ന സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. 1936 മുതല്‍ 44 വരെ പ്രതിപക്ഷനേതാവായി വീണ്ടും പ്രവര്‍ത്തിച്ച ഇദ്ദേഹം ഏറ്റവും ശക്തനും വളരെയധികം സ്വാധീനമുള്ള വ്യക്തിയും ആയി അംഗീകരിക്കപ്പെട്ടു.

റോസ്ബറി പ്രഭുവിന്റെ പുത്രിയായ മാര്‍ഗററ്റിനെ വിവാഹം ചെയ്ത ഇദ്ദേഹം റോസ്ബറി പ്രഭുവിന്റെ ഔദ്യോഗിക ജീവിതത്തെ ആസ്പദമാക്കി ഒരു ജീവചരിത്രം രചിച്ചിട്ടുണ്ട്. ഭരണാധികാരി, പ്രതിപക്ഷനേതാവ്, നയതന്ത്രജ്ഞന്‍, വാഗ്മി, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം റോബര്‍ട്ട് ക്രൂ തന്റെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. ഇദ്ദേഹം 1945-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍